When a student joins B.Arch the parent should know this

'Architectural Education in India in the Time of Globalisation' എന്ന ലേഖനത്തിൽ ശ്രീ എ.ജി.കെ.മേനോൻ സൽമാൻ റുഷ്ദിയുടെ ചില വരികൾ കടമെടുക്കുന്നത് ഇങ്ങനെയാണ്-
As the narrator in Salman Rushdie's novel 'Shame' puts it, 'I, too, face the problem of history: what to retain, what to dump, how to hold on to what memory insists on relinquishing, how to deal with change..... I am dealing with a past that refuses to be suppressed, that is daily doing battle with the present....'



കുറച്ച് ദിവസം മുമ്പ് വാട്സ്ആപ്പിൽ പ്രചരിച്ച ഒരു മെസ്സേജ് ആണ് ഇത്.




ഈ മെസ്സേജ് വന്ന സാഹചര്യത്തിൽ ആണ് പോസ്റ്റ് ചെയ്യുന്നതെങ്കിലും ഇതിന്റെ മാത്രം മറുപടി അല്ല, മക്കളെ ബി.ആർക് കോഴ്സ് നു ചേർത്തതോ ചേർക്കാൻ പോകുന്നതോ ആയ എല്ലാ രക്ഷിതാക്കൾക്കും ബി. ആർക്ക് സ്റ്റുഡന്റസ് നും ഒരു പരിധി വരെ അധ്യാപകർക്കും ഈ കോഴ്‌സിനെ പറ്റി അറിയാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും വായിക്കാൻ വേണ്ടിയുള്ളതാണ് ഈ പോസ്റ്റ്. ഇതിൽ പറയുന്ന കാര്യങ്ങൾ


(1) എങ്ങിനെ ആണ് ഒരു വിദ്യാർത്ഥിയെ ആർക്കിടെക്റ്റാകാൻ ബി. ആർക്


കോഴ്സ് തയ്യാറെടുപ്പിക്കുന്നത്? (How does B. Arch course equip a student to become a


professional architect?) എന്താണ് പഠിപ്പിക്കുന്നത് ?


(2) എന്തുകൊണ്ടാണ് ഈ കത്തിൽ പറയുന്ന പോലെ, പീഡനമാണ് ഈ കോഴ്സ്


എന്ന അഭിപ്രായം പ്രചരിക്കപ്പെടുന്നത്? ഇതിൽ എത്ര മാത്രം സത്യമുണ്ട് ?


(3) എന്താണ് മുമ്പോട്ടുള്ള വഴി?


അഞ്ചു വര്ഷം പത്തു സെമെസ്റ്ററുകളിലായി പഠിപ്പിക്കുന്ന കോഴ്‌സിൽ ഡിസൈനിങ് അഥവാ രൂപകൽപന ആണ് ഏറ്റവും പ്രധാന വിഷയം. ആദ്യത്തെ രണ്ടു സെമെസ്റ്ററുകളിലായി ഒരു മുറി, അല്ലെങ്കിൽ ഒരു കവാടം, ഒരു ബസ് വെയ്റ്റിംഗ് ഷെഡ് മുതലായ ചെറിയ ഡിസൈനുകൾ ചെയ്യാൻ തുടങ്ങുന്നു. ചെറിയ 'സ്പേസെസ്‌' (spaces) എന്നാണ് ആർക്കിടെക്ചർ ഭാഷയിൽ പറയുന്നത്, സ്പേസ് എന്നാൽ ഒരു ഇടം. ഒരു സെക്യൂരിറ്റി ക്യാബിൻ, അല്ലെങ്കിൽ ഒരു ATM, ഒരു ചെറിയ സ്പേസ് ആണ്, ഒരു മൈതാനം, ഒരു കോളേജ് ക്യാമ്പസ് ഒക്കെ വലിയ സ്പേസ്. ഒരു സെക്യൂരിറ്റി ക്യാബിൻ ഡിസൈൻ ചെയ്യാൻ എന്താണ് ബുദ്ധിമുട്ട് എന്ന് ഒന്ന് ആലോചിക്കുക. ഒരു മനുഷ്യന് ഇരിക്കാനും അത്യാവശ്യം ഭക്ഷണം കഴിക്കാനും വേണ്ട ഒരു മുറി. എന്നാൽ തുടക്കക്കാരനായ ഒരു വിദ്യാർത്ഥി ഒരു സെക്യൂരിറ്റി ക്യാബിൻ ഡിസൈൻ ചെയ്യാൻ ഏതാണ്ട് രണ്ടു മാസം എടുക്കും. ഇത്തരം ചെറിയ ഡിസൈൻ പ്രൊജെക്ടുകളിലൂടെ പുരോഗമിച്ച് മൂന്നാം സെമെസ്റ്ററിൽ എത്തുമ്പോൾ ആണ് ഒരു വീട് ഡിസൈൻ ചെയ്യാൻ നൽകുന്നത്. വീട് നിർമിക്കുന്ന ആളുടെയും കുടുംബത്തിന്റെയും ആവശ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനോടൊപ്പം തന്നെ ഡിസൈനിലൂടെ ആർക്കിടെക്ട് ഒരു കലാരൂപം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു. ഒപ്പം സമൂഹത്തിനുപകരിക്കുന്ന ഒരു ആശയം. ഇതെല്ലാം ചേരുമ്പോൾ ആണ് ഒരു നല്ല ഡിസൈൻ ഉണ്ടാകുന്നത്. കാലാകാലങ്ങളായി പ്രഗത്ഭരായ ആർക്കിടെക്ടുകൾ ചെയ്ത ചില വീടുകൾ- - ഇവ ഒന്ന് ഗൂഗിൾ ചെയ്തു നോക്കിയാൽ അറിയാം, എത്രയോ വ്യത്യസ്തമായ, കാലത്തിനുതകുന്ന ആശയങ്ങൾ ആണ്, എത്രയോ മഹത്തരമായ രൂപകല്പനകൾ ആണ് ഇവ എന്ന്. ഇവയിൽ ആദ്യം പറഞ്ഞ ഉദാഹരണങ്ങൾ കൂടുതൽ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നാണെന്നും കൂടുതൽ പുരുഷ ആർക്കിടെക്ടുകൾ ഡിസൈൻ ചെയ്തതാണെന്നും കാണാം. പിന്നീട് ഏഷ്യൻ , ആഫ്രിക്കൻ സ്ത്രീ-പുരുഷ ആർക്കിടെക്ടുകൾ അതെ പ്രാഗത്ഭ്യത്തോടെ ചെയ്ത ഡിസൈനുകൾ ആണ്. എന്ത് കൊണ്ടാണിങ്ങനെ, മറ്റെന്തൊക്കെയാണ് ഡിസൈനുകളെ influence ചെയ്യുന്ന ഘടകങ്ങൾ ഇവയൊക്കെ തിയറി ക്ലാസ്സുകളിൽ വിദ്യാർഥികൾ പഠിക്കുന്നു. ഏതാണ്ട് 150-200 ഓളം പ്രമുഖ ആർക്കിടെക്ടുകളെക്കുറിച്ചും അവരുടെ വർക്കുകളെക്കുറിച്ചും അഞ്ചു വർഷത്തിനുള്ളിൽ വിശദമായി പഠിക്കുന്നു ഈ കോഴ്സിൽ.

തുടർന്നുള്ള പത്തു സെമെസ്റ്ററുകളിലായി കിൻഡർഗാർട്ടൻ, സ്കൂൾ, ഫ്ലാറ്റുകൾ, കൊമേർഷ്യൽ പ്രൊജെക്ടുകൾ- ഷോപ്പിംഗ് മാൾ, ഓഫീസുകൾ, പബ്ലിക് ബിൽഡിങ്ങുകൾ, ഫൈവ് സ്റ്റാർ ഹോട്ടൽ, റിസോർട്, ആഡിറ്റോറിയം, ഹോസ്പിറ്റൽ തുടങ്ങിയവയുടെ ഡിസൈൻ മുതൽ ഒരു നഗരത്തിന്റെ ഒരു ചെറിയ ഏരിയ- തൃശൂർ റൌണ്ട്, എറണാകുളം എം ജി റോഡ്, കോഴിക്കോട് എസ് എം സ്ട്രീറ്റ്, തിരുവനന്തപുരം കിഴക്കേക്കോട്ട ഒക്കെ പോലെ- ഒരു സ്ഥലത്തെക്കുറിച്ച് പഠിച്ച് ആ സ്ഥലം ചെറിയ ഡിസൈൻ മാറ്റങ്ങൾ വഴി എങ്ങനെ വളരെയധികം മെച്ചപ്പെടുത്താം എന്ന് വരെയുള്ള കാര്യങ്ങൾ ഒരു ബി. ആർക് വിദ്യാർത്ഥി പഠിക്കുന്നു. അഞ്ചു സെമസ്റ്റർ എന്നാൽ ഏതാണ്ട് 800 ദിവസം. അത്രയും സമയം കൊണ്ട് ഇത്രയധികം പ്രൊജെക്ടുകൾ ചെയ്യുന്നത് വളരെ വളരെ ബുദ്ധിമുട്ടാണ്. ഒരു സെമെസ്റ്ററിൽ രണ്ടു പ്രൊജക്റ്റ് വീതം ചെയ്താൽ ഏതാണ്ട് എല്ലാത്തരം പ്രൊജെക്ടുകളും ചെറിയ രീതിയിൽ എങ്കിലും കൈകാര്യം ചെയ്യാൻ പഠിക്കാം. ഓരോ പ്രോജെകടും വ്യത്യസ്തമായ വെല്ലുവിളികൾ ആണ് കൊണ്ട് വരുന്നത്. ചിലപ്പോൾ ഒരു കുന്നിൻ ചെരുവിൽ ആവാം സൈറ്റ്, അതായത് ഡിസൈൻ പല തട്ടുകളിൽ ചെയ്യണം. ചിലപ്പോൾ ഒരു പാട് ഉയരത്തിലുള്ള ഒരു ബഹുനിലക്കെട്ടിടം ആകാം. ചിലപ്പോൾ ഒരുപാട് ഡിപ്പാർട്‌മെന്റുകൾ ഉള്ള ഒരു ആധുനിക ആശുപത്രി ആകാം, ഏറ്റവും നല്ല ഡോൾബി സംവിധാനവും ശബ്ദപ്രക്ഷേപണവും വേണ്ട, ഒത്തിരി ആളുകൾ വരുന്ന ഒരു തീയറ്ററോ കൺവെൻഷൻ ഹാളോ ആകാം. ഇതേക്കുറിച്ചെല്ലാം അടിസ്ഥാനമായ ഒരു അറിവെങ്കിലും ഇല്ലാതെ ആർക്കിറ്റെക്റ് ആയാൽ ഒരു യഥാർത്ഥ വർക്ക് വരുമ്പോൾ (വരാനുള്ള സാധ്യത വിരളം) എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുന്ന അവസ്ഥ വരും. അതുകൊണ്ടാണ് പത്തു സെമെസ്റ്ററിൽ പരമാവധി വൈവിധ്യമുള്ള, വെല്ലുവിളികൾ ഉള്ള പ്രൊജെക്ടുകൾ കുട്ടികൾക്ക് ഡിസൈൻ ചെയ്യാൻ നൽകുന്നത്. ഓരോ ബാച്ചിന്റെയും മികവും അധ്വാനിക്കാനുള്ള അവരുടെ മനസ്സാനിധ്യവും പോലെ ഇരിക്കും എത്ര പ്രൊജെക്ടുകൾ അവർക്ക് നൽകുന്നു എന്നത്. ഈ പറഞ്ഞ പ്രൊജെക്ടുകൾ കൂടാതെ ചെറിയ ടൈം പ്രൊജെക്ടുകൾ - കൃത്യമായ സമയത്തിൽ തീർക്കേണ്ടത്- നൽകും. ഒരു ചെറിയ കഫേ, ക്ലിനിക്, ഗേറ്റ് തുടങ്ങിയ ഡിസൈൻ. ഇത് കൂടാതെ ലാൻഡ്‌സ്‌കേപ്പ്, ഇന്റീരിയർ ഡിസൈൻ എന്നീ തിയറികളുടെ ഭാഗമായും ഡിസൈൻ പ്രൊജെക്ടുകൾ ഉണ്ടാകും. കോഴ്‌സിനിടയിൽ ഒരു സെമസ്റ്റർ ഒരു ആർക്കിടെക്ട ന്റെ ഓഫീസിൽ ട്രെയിനിങ് ഉണ്ടാകും. അവിടുത്തെ ഒരു സ്റ്റാഫിനെ പോലെ വർക്ക് ചെയ്യണം. ഇതിനെല്ലാം ശേഷം സ്വന്തമായി ഒരു വലിയ പ്രൊജക്റ്റ് തെരഞ്ഞെടുത്ത് ഒരു ഫാക്കൽറ്റിയുടെ മാർഗനിർദേശം അനുസരിച്ച് ഡിസൈൻ ചെയ്യുന്ന തീസിസ് ആണ് അവസാനത്തെ സെമസ്റ്റർ. ഇതിനിടയിലുള്ള തിയറി ക്ലാസുകൾ സ്ട്രക്ടച്ചറൽ ഡിസൈൻ, കെട്ടിട നിർമാണ വസ്തുക്കൾ, പുതിയ നിര്മാണരീതികൾ, ഡിസൈനിങ് നും നിർമാണത്തിനും കമ്പ്യൂട്ടർ ഉപയോഗിക്കുന്ന രീതികൾ, ഒരു ആർക്കിടെക്ചർ ഫേം നടത്തുമ്പോൾ അറിയേണ്ട കാര്യങ്ങൾ, സമൂഹവും സംസ്കാരവും പാരമ്പര്യ രീതികളും, സ്കെച്ചിങ്, മാത്‍സ്, എസ്റ്റിമേഷൻ, സർവ്വേ അങ്ങനെ വളരെക്കാര്യങ്ങൾ ഉള്പെടുത്തിയിട്ടുള്ളതാണ്. ബി.ആർക് വിജയകരമായി നല്ല രീതിയിൽ പൂർത്തിയാക്കി പുറത്തിറങ്ങുന്ന ഒരു ആർക്കിടെക്ടിന് ഏതു തരം കെട്ടിടവും ഓപ്പൺ സ്പേസും ഡിസൈൻ ചെയ്യാൻ സാധിക്കും- ക്ലൈയന്റിന്റെ ആവശ്യങ്ങൾ സാധിച്ച്, ഒപ്പം തന്നെ കാഴ്ചക്ക് സുന്ദരവും പ്രകൃതിക്ക് ഇണങ്ങുന്നതും കാലാവസ്ഥക്ക് അനുയോജ്യവും സമൂഹത്തിനു ഒരു പുതിയ ആശയം നൽകുന്നതുമായ രീതിയിൽ. സമൂഹത്തിനു നൽകുന്ന പുതിയ ആശയം എന്നത് ഊന്നിപ്പറയുന്നു.

ഡിസൈൻ ക്ലാസുകൾ, അഥവാ ഡിസൈൻ സ്റ്റുഡിയോ,ആഴ്ചയിൽ 10-12 മണിക്കൂർ ക്ലാസ് ടൈം ന്റെ ഭാഗമായും പിന്നെ എണ്ണമറ്റ മണിക്കൂറുകൾ ക്ലാസിനു പുറത്തും നടക്കുന്നു.

അവസാനത്തെ ഉല്പന്നമല്ല പ്രോസസ്സ് ആണ് പ്രധാനം. ഇന്റർനെറ്റിലും മറ്റും ധാരാളം നല്ല ഡിസൈനുകൾ കാണുമ്പോൾ അത് അതേപടി പകർത്തുകയല്ല, സ്വന്തമായ ഒരു രൂപകല്പനാരീതി വികസിപ്പിച്ചെടുത്തു പ്രകൃതിക്കും സൈറ്റിനും ഇണങ്ങുന്ന ഡിസൈൻ തയ്യാറാക്കുകയാണ് വേണ്ടത്, അതിന് കൃത്യമായ ഡിസൈൻ പ്രോസസ്സ് ആവശ്യമാണ്.

ആർക്കിടെക്ചർ വിദ്യാഭ്യാസത്തിന്റെയും അതിന്റെ രീതികളെക്കുറിച്ചു മുമ്പും നടന്നിട്ടുള്ള ചർച്ചകളുടെയും ഒരു ചെറു ചരിത്രം നോക്കാം. കുട്ടികളുടെ പരാതിയുടെ അടിസ്ഥാനം ഏതാണ്ട് മനസിലാകും.

ഇന്ന് ആർക്കിടെക്ട ആയി പ്രാക്റ്റീസ് ചെയ്യണമെങ്കിൽ ലൈസൻസ് വേണം- ഡോക്ടറെയും അഡ്വക്കേറ്റിനെയും ചാർട്ടേഡ് അക്കൗണ്ടന്റിനെയും പോലെ. എന്നാൽ പതിനെട്ടാം നൂറ്റാണ്ട് വരെ ആർക്കിടെക്ടആവാൻ ഔപചാരിക വിദ്യാഭ്യാസം ആവശ്യമില്ലായിരുന്നു. മിക്കവാറും കെട്ടിടങ്ങൾ പരമ്പരാഗത രീതിയിൽ തച്ചന്മാർ അവരുടെ വാമോഴി അറിവിലൂടെ ഡിസൈൻ ചെയ്തു പണിതു. പുസ്തകങ്ങളോ തിയറിയോ തീരെ ഇല്ലായിരുന്നു എന്നല്ല. ഗ്രീസിൽ വിട്രൂവിയസ് എഴുതിയ തിയറിഗ്രന്ഥങ്ങളും ഇങ്ങു തെക്കേ ഇന്ത്യയിൽ തച്ചുശാസ്ത്രവും ഒക്കെ ഉണ്ടായിരുന്നു, എന്നാൽ സ്ട്രക്ചെഡ് ആയ ഔപചാരിക പഠനം ഇല്ലായിരുന്നു. അങ്ങനെ ഒരു ആർക്കിടെക്ചർ സ്കൂൾ ആദ്യമായി നിലവിൽ വന്നത് പാരിസിൽ École des Beaux-Arts ആണ്. പ്രശസ്തമായ ഈ സ്‌കൂളിൽ പഠിച്ച വിദ്യാർത്ഥികളാണ് പിന്നീട അമേരിക്ക ഉൾപ്പടെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഔപചാരിക ആർക്കിടെക്ചർ വിദ്യാഭ്യാസത്തിനു തുടക്കമിട്ടത്. അതുകൊണ്ട്‌തന്നെ ഈ സ്ഥാപനത്തിലെ പഠനരീതി മിക്കവാറും എല്ലാ സ്‌കൂളുകളും പിന്തുടർന്ന് തുടങ്ങി. എന്താണ് ഈ രീതി? എക്കോലെ ഡെബോ ആർട്ടിൽ വളരെ വളരെ തീവ്രവും കഠിനവും ആണ് പഠനം. നാല് പടികളിലായാണ് ഇത് നടക്കുന്നത്. ഒന്ന്, പരമ്പരാഗത ക്ലാസിക്കൽ പെയിന്റിങ്ങുകളും ആർക്കിടെക്ടച്ചറും വിശദമായി പഠിച്ച് ഒരു മത്സരത്തിൽ പങ്കെടുക്കുക, അതിൽ വിജയിച്ചാൽ റോമിൽ പഠിക്കാൻ ഫുൾ സ്കോളർഷിപ് ലഭിക്കും. രണ്ട് , ഒരു മികച്ച അധ്യാപകന്റെ കീഴിൽ അദ്ദേഹത്തിന്റെ രീതിയിൽ ആർകിടെക്ച്ചർ പഠിക്കുക- വിദ്യാർത്ഥിയുടെ വിജയം അധ്യാപകന്റെ വിജയമാണ്, മികവ് മികവിനെ വളർത്തുന്നു, ഇതിൽ അധ്യാപകന് തന്നെയാണ് പ്രാമുഖ്യം, ഒരുതരം ഗുരുകുല വിദ്യാഭ്യാസം. മൂന്നാമത്തെ പടിയിൽ മികച്ച പ്രൊജെക്ടുകൾ ഒരു ഗ്രാൻഡ് ജൂറി തെരഞ്ഞെടുക്കുന്നു, ഇവയെ പ്രശംസിക്കുകയും പൊതുവായി പ്രദർശിപ്പിക്കുകയും ചെയ്യുന്നു. നാലാമത്തെ പടി അനൗപചാരിക ചർച്ചകളിലൂടെ ഡിസൈൻ പഠിക്കലും പഠിപ്പിക്കലും ആണ്, ഒരു കോഫിഷോപ് ചർച്ച പോലെ. 

ഏറെക്കൂറെ ഇതേ രീതി തന്നെയാണ് പിന്നീട് വന്ന എല്ലാ ആര്കിടെക്ച്ചർ കോളേജുകളും പിന്തുടർന്നത്.എന്നാൽ മത്സരബുദ്ധി കൂടി വന്നതോടെ അവസാനത്തെ ഇനമായ കോഫിഷോപ് ചർച്ചകൾ കുറഞ്ഞു കുറഞ്ഞ് ഇല്ലാതായി. അധ്യാപകനും ജൂറിക്കും മേൽക്കോയ്മ വന്നതോടെ കുട്ടികളുടെ ഡിസൈൻ സ്വാതന്ത്ര്യം, പുതുമയുള്ള ആശയങ്ങൾ കൊണ്ട് വരാനുള്ള ധൈര്യം മുതലായവ കുറഞ്ഞു. തീവ്രമായ പഠനം, ഡിസൈനിങ്, ജൂറിയുടെയോ അധ്യാപകന്റെയോ താഴ്ത്തിക്കെട്ടിയുള്ള പരിഹാസം, മറ്റുള്ളവർക് ഒപ്പമെത്താനുള്ള വെമ്പൽ ഇവയൊക്കെ ഉറക്കമില്ലായ്മയില്ലെകും മാനസിക ബുദ്ധിമുട്ടുകളിലേക്കും എത്തിച്ചു. 1980-90 കൾ വരെ യൂറോപ്പിലും അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഒക്കെയുള്ള മിക്ക ആര്കിടെക്ച്ചർ സ്‌കൂളുകളുടെയും അവസ്ഥ ഇതായിരുന്നു. ഇന്നും പൂർണമായി എല്ലാ സ്ഥാപങ്ങളും അതിൽ നിന്ന് മുക്തി നേടിയിട്ടുമില്ല.

ഇന്ത്യയിൽ ബ്രിട്ടീഷുകാരാണ് ഔപചാരിക ആർക്കിടെക്ച്ചർ പഠനം കൊണ്ട് വന്നത്. മുംബൈയിലെ സർ .ജെ.ജെ.സ്കൂൾ ഓഫ് ആർക്കിടെക്ചർ 1913 ഇൽ നിലവിൽ വരുമ്പോൾ ഏഷ്യയിലെ ആദ്യത്തെ ആർക്കിടെക്ചർ കോളേജ് ആയിരുന്നു. ആദ്യമൊക്കെ ബ്രിട്ടീഷ് ആർക്കിടെക്ടുകൾക്ക് വരച്ചു കൊടുക്കാനുള്ള ഡ്രാഫ്റ്റിംഗ് സ്‌കിൽസ് മാത്രമാണ് പഠിപ്പിച്ചത്. പിന്നീട് സ്വാതന്ത്ര്യത്തിനു ശേഷവും പുതിയ കരിക്കുലം കൊണ്ട് വന്നപ്പോളും യുറോപ്പിലുള്ള രീതികൾ അതെ പടി പിന്തുടരുകയാണുണ്ടായത്. നമ്മുടേതായ പരമ്പരാഗത അറിവുകളോ പഠനരീതികളോ അതിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന പുതിയ രീതികളോ ആയിരുന്നില്ല ഇത്. ബ്രിട്ടീഷ് വിദ്യാഭ്യാസ രീതി, അതിന്റെ അന്തസത്ത മനസ്സിലാക്കാതെ പുറമെയുള്ള പഠിപ്പിക്കൽ രീതി, സിലബസ് എന്നിവ മാത്രം നമ്മൾ പിന്തുടർന്നു. അതിന്റെ ഫലമാണ് അധ്യാപകനെ കേന്ദ്രീകരിച്ചുള്ള പഠനവും ഉറക്കമില്ലാത്ത രാത്രികളും ഉണ്ടായത്. 

ആദ്യകാല ആര്കിടെക്ച്ചർ പഠനം ഇന്ത്യയിൽ എൻജിനീയറിങ് പോലെ തന്നെയാണ് കണ്ടിരുന്നത്. സയൻസ് വിഷയങ്ങളിലും കണക്കിലും മികവുള്ളവർക്കാണ് ആര്കിടെക്ച്ചർ പഠിക്കാൻ പറ്റിയത്. അതിനാൽ തന്നെ എഞ്ചിനീറിംഗിന് കൂടുതൽ പ്രാധാന്യം കിട്ടുകയും ഒരു എഞ്ചിനീയറിംഗ് കോഴ്‌സിനും അഡ്മിഷൻ കിട്ടാത്തവർ എടുക്കുന്ന കോഴ്സ് ആയി ബി. ആർക് മാറുകയും ചെയ്തു. കൂടാതെ വ്യവസായവിപ്ലവകാലത്ത് പ്രചാരത്തിലായതും ബ്രിട്ടീഷുകാർ ഇന്ത്യയിൽ കൊണ്ടുവന്നതുമായ പുതിയ നിർമാണ വസ്തുക്കളായ കോൺക്രീറ്റ്, സ്റ്റീൽ, ഗ്ലാസ് മുതലായവയും ആധുനിക കെട്ടിടനിര്മാണ സാങ്കേതികവിദ്യയും സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം പെട്ടെന്ന് നമ്മളും ഉപയോഗിച്ച് തുടങ്ങി. ക്രമേണയുള്ള ഒരു മാറ്റം അല്ല, പെട്ടെന്ന് വന്ന ഒരു മാറ്റം. ഇത്തരം വസ്തുക്കൾ കൂടുതൽ നന്നായി ഉപയോഗിക്കാൻ സിവിൽ എഞ്ചിനീയർമാർക്ക് അറിയാം. അങ്ങനെ കെട്ടിട നിർമാണത്തിന് ആര്കിടെക്ടിനെ സമീപിക്കുന്നത് പ്രത്യേകിച്ച് പ്രയോജനം ഇല്ലാത്ത ചെലവ് കൂട്ടുന്ന ഒരു കാര്യമായി. അതിനാൽ ആര്കിടെക്ടുകൾക്ക് ആവശ്യക്കാരില്ലാതെയായി, അവർക്ക് പ്രതിഫലവും തീരെ കുറഞ്ഞു. അങ്ങനെ അടുത്തകാലം വരെ ലോകത്തെല്ലായിടത്തും ആര്കിടെക്ച്ചർ കോഴ്സ് ഉറക്കമില്ലായ്മ, സ്‌ട്രെയിൻ, പഠിക്കാൻ കൂടിയ ചെലവ്, എന്നാൽ കുറഞ്ഞ പ്രതിഫലം ഇവയുമായി ബന്ധപ്പെട്ടിരുന്നു.

ഈ പഠനരീതി സ്വാഭാവികമായും കുട്ടികളുടെ ആരോഗ്യത്തെയും മാനസിക നിലയെയും ബാധിച്ചു തുടങ്ങി. അതോടെ ഡിസൈൻ അല്ലെങ്കിൽ സ്റ്റുഡിയോ സംസ്കാരം (design culture or studio culture) പുനർവിചിന്തനം ചെയ്യേണ്ടത് അത്യാവശ്യമായി. ഇതേതുടർന്ന് അമേരിക്കയിൽ ആര്കിടെക്ച്ചർ അസോസിയേഷൻ വിശദമായി ഒരു പഠനം നടത്തി എന്തൊക്കെ മാറ്റങ്ങളാണ് കോഴ്സിന്റെ രീതിയിൽ വരുത്തേണ്ടത് എന്നതിന് ചില ശുപാർശകൾ കൊണ്ട് വന്നു. ലോകമെമ്പാടും ഒരു മാറ്റം വരാൻ ഇത് കാരണമായി. 

ഇന്ത്യയിലും കേരളത്തിലും പ്രൊഫഷണൽ ഡിഗ്രിയുടെ യോഗ്യതയിൽ അധ്യാപനം ആരംഭിക്കുന്ന ആർക്കിടെക്ടസിന് പ്രത്യേകിച്ച് അധ്യാപനപരിശീലനങ്ങൾ ലഭിക്കുന്നില്ല. ഫാക്കൽറ്റി ഡെവലൊപ്മെൻറ് നായുള്ള ഹൃസ്വകാല കോഴ്സുകളാണ് ആകെ ലഭിക്കുന്ന ട്രെയിനിങ്. അതുകൊണ്ടുതന്നെ തങ്ങൾ പഠിപ്പിക്കപ്പെട്ട രീതിയിലോ അതിൽ സ്വയം മാറ്റങ്ങൾ വരുത്തിയോ ആണ് മിക്ക അധ്യാപകരും പഠിപ്പിക്കുന്നത്. എക്കോലെ ആർട് രീതി തന്നെയാണ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ കേരളത്തിലെ ആദ്യ ബി.ആർക് കോഴ്സ് തുടങ്ങിയപ്പോൾ പിന്തുടർന്നിരുന്നത് എന്ന് വേണം കരുതാൻ. ക്രമേണ ഈ രീതിയുടെ പ്രശ്നങ്ങൾ അധ്യാപകരും കുട്ടികളും മനസ്സിലാക്കുകയും തുടർന്ന് സീനിയർ അധ്യാപകരും അന്നത്തെ വിദ്യാർഥികൾ പിന്നീട് പുതിയ അധ്യാപകർ ആയി മാറിയപ്പോൾ അവരും കുറച്ചുകൂടി വിദ്യാര്ഥികളുമായുള്ള പരസ്പര വിനിമയത്തിലൂടെ വിദ്യാർത്ഥികളുടെ ആശയങ്ങൾ പ്രോത്സാഹിപ്പിച്ച് അവരെ മാറി ചിന്തിക്കാൻ സഹായിച്ചു തുടങ്ങി, ഇന്നും അത് തുടരുന്നു. പ്രഗത്ഭരായ അധ്യാപകർ പലപ്പോഴും തങ്ങളുടെ അക്കാഡമിക് പരിജ്ഞാനം വർധിപ്പിക്കുമ്പോൾ പ്രായോഗിക പരിചയം കുറഞ്ഞേക്കാം എന്നതു മനസ്സിലാക്കി തന്നെ കോളേജുകളിലെ ആർക്കിടെക്ചർ ഡിപ്പാർട്മെന്റുകളുടെ കോൺസൾട്ടൻസി പ്രൊജെക്ടുകൾ വഴി ഇത് തരണം ചെയ്യാൻ ശ്രമിക്കുന്നു, കൂടാതെ ഒട്ടുമിക്ക നല്ല പ്രാക്ടിസിങ് ആർക്കിടെക്ടുൿളെയും അക്കാഡമിക്സ്ന്റെ ഭാഗമാക്കി അവരുടെ ക്ലാസുകൾ സംഘടിപ്പിക്കുക, ഡിസൈൻ ജൂറികൾക്ക് അവരെ ക്ഷണിക്കുക മുതലായവയിലൂടെ പ്രായോഗിക അറിവുകൾ കുട്ടികൾക്ക് നൽകാൻ ശ്രദ്ധിക്കുകയും ചെയുന്നു. 
കൂടാതെ പ്രൊഫഷണൽ ആർക്കിടെക്ററ് രൂപകൽപന ചെയ്ത് നിർമിക്കുന്ന കെട്ടിടങ്ങളുടെ പ്ലാനിംഗ് മികവ്, മെറ്റീരിയൽസിന്റെ ശരിയായ ഉപയോഗരീതി, മനോഹാരിത, ഉയർന്ന നിലവാരമുള്ള സൗന്ദര്യമാനദണ്ഡങ്ങൾ (aesthetics), ചിലവുകുറവ് (അത് ആവശ്യമുള്ളവർക്ക്) തുടങ്ങിയവ മനസ്സിലായതോടെ ആളുകളുടെ ഇടയിലും ആർക്കിടെക്ടിനെക്കുറിച്ചുള്ള ചിന്താരീതി മാറുകയും അവർ പ്രൊഫഷണൽ സഹായം തേടിത്തുടങ്ങുകയും ചെയ്തു. ദേശീയതലത്തിൽ കൌൺസിൽ ഓഫ് ആർക്കിടെക്ചർ ന്റെ ലൈസെൻസോടു കൂടി ആർക്കിടെക്ട് ആക്ടിൽ പറയുന്ന ഫീസ് സ്ട്രക്ച്ചർ അനുസരിച്ചാണ് ഇന്ന് ഇന്ത്യയിൽ ആർക്കിടെക്ചർ പ്രാക്ടീസ് നടക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് എന്ന പ്രൊഫഷണൽ അസോസിയേഷനും ഊര്ജിതമാണ്. ഈ നിര്മാണമേഖലയും ആർക്കിടെക്ചർ പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും നിത്യേനയെന്നോണം പരസ്പര വിനിമയം (industry - institution interaction) നടക്കുന്നതിനാൽ ഇൻഡസ്ട്രയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ - പുതിയ സാങ്കേതിക വിദ്യ, പുതിയ സോഫ്ട്‍വെയറുകളുടെ ഉപയോഗം, പുതിയ സിദ്ധാന്തങ്ങൾ, പുതിയ നിര്മാണസാമഗ്രികൾ, ഇവയെല്ലാം തന്നെ അപ്പപ്പോൾ വിദ്യാർത്ഥികളിൽ എത്തുന്നു, അതുപോലെ പുതു തലമുറകളുടെ പുതിയ ക്രീയേറ്റീവ് ആശയങ്ങൾ വേഗം തന്നെ പ്രൊഫഷണൽ ഫേമുകളിലും എത്തുന്നു. 
പിന്നെ എന്തുകൊണ്ടാണ് മേല്പറഞ്ഞതു പോലെയുള്ള പരാതികൾ ധാരാളമായി വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഇപ്പോഴും വരുന്നത്? ബി.ആർക് കോളേജുകൾ പീഡനകേന്ദ്രങ്ങളോ എന്ന സംശയം?

തീർച്ചയായും വളരെ ഇന്റെൻസ് - തീവ്രമായ- പഠനമാണ് ഇവിടെ നടക്കുന്നത്, ഇനി അങ്ങനെ അല്ലെങ്കിൽ അത് അങ്ങനെ ആവണം. കാരണം നേരത്തെ പറഞ്ഞത് പോലെയുള്ള പല തരത്തിൽ (ടൈപോളജി) പല വലിപ്പത്തിൽ (സ്കെയിൽ) പ്രൊജെക്ടുകൾ- അതും റിയൽ ലൈഫ് (പണിയാൻ സാധ്യതയുള്ള) പ്രൊജെക്ടുകൾ ചെയ്യുമ്പോൾ ഇത് സ്വാഭാവികം. അതിൽ തന്നെ എല്ലാ തരം പ്രൊജെക്ടുകളും അഞ്ചു വർഷത്തിൽ ചെയ്യാനാവില്ല. ഒരു പ്രോജെക്ടിൽ തന്നെ നൂറുകണക്കിന് രീതിയിൽ രൂപകൽപന സാധ്യമാണ്. 100% ശരി എന്ന് പറയാവുന്ന ഒരു ഉത്തരം , ഒരു സൊല്യൂഷൻ, ഇവിടെ ഇല്ല. ഇത് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു പഠിപ്പിക്കാവുന്ന ഒന്നും അല്ല. പഠിക്കുന്ന തിയറി യുടെ യും പരിശീലിപ്പിക്കുന്ന പ്രോസസ്സുകളുടെയും അടിസ്ഥാനത്തിൽ കുട്ടികൾ സ്വയം കണ്ടെത്തേണ്ട ഉത്തരങ്ങളാണ്. അതിന്റെ ശരി തെറ്റുകൾ ചൂണ്ടിക്കാണിക്കാനെ അധ്യാപകന് കഴിയൂ. കൂടുതൽ കാണിക്കുന്നത് തെറ്റുകൾ ആവും, കാരണം അഞ്ച് വര്ഷം കഴിഞ്ഞ അവർ പുറത്തിറങ്ങി ലോകത്തെ നേരിടേണ്ടി വരുമ്പോൾ തെറ്റുകൾ പരമാവധി ഇല്ലാതെ ഡിസൈൻ ചെയ്യാൻ ആണ് അവർ അറിയേണ്ടത്. അതുകൊണ്ട് തന്നെ ഡിസൈൻ ജൂറികൾ 'ക്രിറ്റ്' എന്നാണ് അറിയപ്പെടുന്നത്- വിമർശനമാണ് മുഖ്യം. അത് കഠിനവും ആയേക്കാം. അതൊക്കെ നേരിടാനുള്ള മനക്കട്ടി കുട്ടികളിൽ ഉണ്ടാകുക എന്നതും വിദ്യാഭ്യാസത്തിന്റെ ഒരു ലക്ഷ്യമാണ് പലപ്പോഴും. ഒരു അധ്യാപകന്റെ ഒറ്റക്കുള്ള അഭിപ്രായ പ്രകടനം ആകാതിരിക്കാൻ വേണ്ടിയാണ് ഓരോ ഡിസൈൻ സ്റ്റുഡിയോയിലും രണ്ടോ അതിലധികമോ അധ്യാപകർ ഉള്ളത്, കൂടാതെ പുറത്തു നിന്നുള്ള ഒരു ആർക്കിടെക്ടിന്റെ നിഷ്പക്ഷമായ മൂല്യനിർണയം ആണ് ജൂറിയിൽ നടക്കാറുള്ളത്. പഠനം കഴിഞ്ഞു പുറത്തുവന്ന് പ്രാക്ടീസ് ആരംഭിക്കുന്നതോടെ പരാതികൾ മിക്കവാറും ഇല്ലാതെയാവുകയും പണ്ട് വിമർശിച്ച അധ്യാപകരെ തേടിപ്പിടിച്ചു ശിഷ്യർ നന്ദി പറയുകയും ചെയ്യുന്നത് ഒരുസ്ഥിരം കാഴ്ചയും ആണ്.

ഇതൊക്കെയാണെങ്കിലും കാലികമായ മാറ്റങ്ങൾ വിദ്യാഭ്യാസ-അധ്യാപനരീതിയിൽ വരുത്താൻ യൂണിവേഴ്സിറ്റികളും, കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ക്ലാസുകൾ നടക്കുമ്പോൾ ശരിയായ രീതിയിലുള്ള കഠിനാധ്വാനം ചെയ്യാൻ വിദ്യാർത്ഥികളും അത് മനസ്സിലാക്കാൻ രക്ഷിതാക്കളും ശ്രമിച്ചാൽ ആർക്കിടെക്ചർ പഠനവും തുടർന്നുള്ള പ്രാക്റ്റീസും മൂല്യവർധിതവും മേന്മയുള്ളതും ആസ്വാദ്യകരവും ആകും, അത് പ്രകൃതിക്കും സമൂഹത്തിനും നന്മ വരുത്തുകയും ചെയ്യും. 




Comments